Friday, August 13, 2010

ടെലികോം സുരക്ഷയ്ക്ക് ഇന്ത്യന്‍ ലാബ് വരുന്നു


മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ടെലികമ്യൂണിക്കേഷന്‍ മാര്‍ഗ്ഗങ്ങളിലൂടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യ സ്വന്തമായി ടെലികോം സുരക്ഷാ ലാബ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു.

ബ്ലാക്‌ബെറി ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവര്‍ത്തനങ്ങളും അവയിലൂടെ കൈമാറുന്ന സന്ദേശങ്ങളും ലാബ് പരിശോധിക്കും.

വിദേശത്ത് നിന്ന് ടെലികോം കമ്പനികള്‍ ഉപകരണങ്ങള്‍ വാങ്ങുന്നതും ലാബിന്റെ പരിശോധനയ്ക്ക് വിധേയമായായിരിക്കും. ത്രീജി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ ചൈനയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് 450ഓളം ഉപകരണങ്ങള്‍ ചൈനയില്‍ നിന്ന ഇറക്കുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. 15,000 കോടി രൂപയുടെ ഓര്‍ഡറാണിത്.

രാജ്യത്തൊട്ടാകെ ത്രീജി, വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുകയാണ്. ഈ സേവനങ്ങള്‍ സജ്ജമാകുന്നതിന് മുമ്പ് തന്നെ ടെലികോം സുരക്ഷാ പരിശോധനാ കേന്ദ്രം സ്ഥാപിക്കാനാണ് ടെലികോം മന്ത്രാലയം ആലോചിക്കുന്നത്. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെ ഇന്ത്യന്‍ ടെലികോം വ്യവസായം ഒന്നടങ്കം ഇത്തരമൊരു പരിശോധനാകേന്ദ്രം വരുന്നതിനെ അനുകൂലിക്കുന്നുണ്ട്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ മേല്‍നോട്ടത്തോടെയാവും പരിശോധനാ കേന്ദ്രം. ടെലികോം സേവനദാതാക്കള്‍ക്ക് അവരുടെ ഉപകരണങ്ങളും സേവനങ്ങളും പരിശോധിക്കാനുള്ള പൊതുസൗകര്യങ്ങള്‍ ലാബില്‍ ഒരുക്കും.

No comments:

Post a Comment