Wednesday, August 4, 2010
ബ്ലാക്‌ബെറി ഇന്ത്യയിലും നിരോധിച്ചേക്കും
സൗദി അറേബ്യ, യുഎഇ എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയിലും ബ്ലാക്‌ബെറിയ്ക്ക് നിയന്ത്രണം വന്നേക്കും. ബ്ലാക്‌ബെറിയില്‍ നിന്നുള്ള ഇ-മെയില്‍, മൊബൈല്‍ വെബ് സേവനങ്ങളാണ് നിരോധിക്കുക.
ബ്ലാക്‌ബെറി സാങ്കേതികത ഉപയോഗിച്ച് അയക്കുന്ന ഇ-മെയിലുകളുടേയും ഇന്‍സ്റ്റന്റ് സന്ദേശങ്ങളുടേയും വിവരങ്ങള്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി അറിയിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്ലാക്‌ബെറിയുടെ ഉടമകളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനി നിരാകരിച്ചതോടെയാണ് ഇവിടെയും നിരോധനത്തിന് വഴിതെളിയുന്നത്.
ബ്ലാക്‌ബെറി ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് അയക്കുന്ന ഇ-മെയിലുകളും ഇന്‍സ്റ്റന്റ് മെസേജുകളും പ്രത്യേക രീതിയില്‍ കോഡ് ചെയ്തവ ആയതിനാല്‍ സാധാരണ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്ക് ഇവ പരിശോധിക്കാന്‍ സാധിക്കാറില്ല. ഇതു അപകടകരമായ സുരക്ഷാപാളിച്ചകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. അതിനാലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഉപഭോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ തങ്ങള്‍ക്കു പോലും ലഭിക്കാത്ത തരത്തിലാണെന്ന് ബ്ലാക്‌ബെറി ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് റിം വ്യക്തമാക്കി. ഇന്ത്യയിലെ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ സര്‍വര്‍ സ്ഥാപിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും കമ്പനി തള്ളി. തങ്ങളുടെ ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനി വ്യക്തമാക്കി.
വിവരങ്ങള്‍ നല്‍കാന്‍ റിം തയ്യാറാവില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഇന്ത്യ ബ്ലാക്‌ബെറിക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ എയര്‍ടെല്‍ ഉള്‍പ്പെടെ ഒമ്പത് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ ബ്ലാക്‌ബെറി ലഭ്യമാക്കുന്നുണ്ട്. 18 മോഡലുകളാണ് ബ്ലാക്‌ബെറി ഇന്ത്യയില്‍ വില്‍ക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment