Sunday, August 1, 2010

മൂബിള്‍ മൊബൈല്‍ സെര്‍ച്ച് എന്‍ജിന്‍ എത്തി


എന്തിനെപ്പറ്റിയും ഏതുവിവരവും സെല്‍ഫോണിലൂടെ ശേഖരിക്കാന്‍ സഹായിക്കുന്ന വ്യത്യസ്തവും നൂതനവുമായ മൂബിള്‍ സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിച്ചു. യൂറോഗള്‍ഫ് ഡയറക്ട് ഇന്‍ഫോ സൊലൂഷന്‍സ് ഇന്ത്യയാണ് ലോകത്ത് ആദ്യത്തേതെന്നു വിശേഷിപ്പിക്കുന്ന ഈ സംവിധാനത്തിന്റെ ഉപജ്ഞാതാക്കള്‍. വിവരസമാഹരണം, ശേഖരണം, വിതരണം എന്നിവയില്‍ മൂബിള്‍ ഇന്‍ഫര്‍മേഷന്‍ സെര്‍ച്ച് എഞ്ചിന്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ജെബി ഐസ്‌ക്, ഡയറക്ടര്‍മാരായ ടി.കെ.സുനില്‍കുമാര്‍, പി.സരിത്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സെല്‍ഫോണുകളില്‍ ഇന്‍റര്‍നെറ്റിന്റെ പുനരാവിഷ്‌കാരം സൃഷ്ടിക്കുന്ന ഏറ്റവും പുതിയ സാങ്കേതികതയുമായാണ് കമ്പനി എത്തുന്നത്. വെബ് ഡൊമൈനുകള്‍പോലെ മൊബൈല്‍ ഡൊമൈനുകള്‍ക്കും തുടക്കമിടുകയാണ്.എസ്എംഎസ് അയച്ചാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഏതുവിവരവും ലഭ്യമാകുമെന്നതാണ് മൂബിള്‍ സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ത്വരിതവേഗത്തില്‍ വിശ്വസനീയ വിവരങ്ങള്‍ കമ്പ്യൂട്ടറോ ഇന്‍റര്‍നെറ്റോ ഇല്ലാതെ തന്നെ ലഭിക്കും. പേറ്റന്‍റ് നേടിയ കണ്ടുപിടിത്തമാണിത്.ഇതിനായി 56070 എന്ന നമ്പറില്‍ ഓരോ സ്ഥാപനം രജിസ്റ്റര്‍ ചെയ്യണം. മൂബിള്‍ നല്‍കുന്ന എസ്എംഎസ് ഐഡി ഉപയോഗിച്ചായിരിക്കും രജിസ്‌ട്രേഷന്‍. സ്ഥാപനത്തെപ്പറ്റിയുള്ള മുഴുവന്‍ വിശദാംശങ്ങളും പ്രത്യേക സംവിധാനത്തില്‍ സൂക്ഷിക്കും. പൊതുജനങ്ങള്‍ സെല്‍ഫോണിലെ മൂബിള്‍ സംവിധാനത്തിലൂടെ വിവരങ്ങള്‍ ആരാഞ്ഞാലുടന്‍ റിട്ടേണ്‍ എസ്എംഎസ് ആയി സ്ഥാപനത്തെപ്പറ്റി മുഴുവന്‍ വിശദാംശങ്ങളും കൈമാറും. ഉടന്‍തന്നെ സ്ഥാപനത്തിനും എസ്എംഎസ് അയച്ച നമ്പര്‍തിരിച്ച് കൈമാറും.രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി ഒരു നമ്പര്‍ നല്‍കുകയെന്നതാണ് ഈ സംവിധാനത്തിന്റെ ആത്യന്തിക ലക്ഷ്യം. സ്ഥാപനത്തിന്റെ പേര്, വിലാസം, സ്ഥലം, ജില്ല, ടെലിഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍, വെബ് അഡ്രസ്സ്, സേവനങ്ങള്‍, ഉത്പന്നങ്ങള്‍, ശാഖകള്‍, ബന്ധപ്പെടേണ്ട ആള്‍ തുടങ്ങിയവയൊക്കെ മൂബിളില്‍ രജിസ്റ്റര്‍ ചെയ്യാം. ഉത്പന്നത്തെപ്പറ്റിയോ സേവനത്തെപ്പറ്റിയോ മൂബിളില്‍ എസ്എംഎസ് അയച്ച് സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഡയറക്ടറിയില്‍നിന്ന് ഒട്ടേറെ സമാനമായ വിവരങ്ങള്‍ ഒരേസമയം ലഭിക്കും. തങ്ങളെപ്പറ്റി ആരൊക്കെ സെര്‍ച്ച് നടത്തി എന്ന വിവരം സ്ഥാപനങ്ങള്‍ക്ക് എസ്എംഎസ് ആയും ഇ-മെയില്‍ ആയും ലഭ്യമാകുമെന്ന സവിശേഷതയും ഉണ്ട്. തുടക്കത്തില്‍ ഇന്ത്യയിലും പിന്നീട് ഓസ്‌ട്രേലിയ, ഗള്‍ഫ് എന്നിവിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി.

No comments:

Post a Comment