Wednesday, August 11, 2010

ഭാരതി എയര്‍ടെല്‍ വീണ്ടും വിദേശ കമ്പനിയെ ഏറ്റെടുക്കുന്നു


രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ വീണ്ടും വിദേശ ഏറ്റെടുക്കലിന്. ഇത്തവണ സീഷെല്‍സിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ടെലികോം സീഷെല്‍സിനെയാണ് ഭാരതി സ്വന്തമാക്കുന്നത്. ഇതോടെ കമ്പനിയുടെ ആഫ്രിക്കയിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടും.

ഏതാണ്ട് 280 കോടി രൂപയ്ക്കാണ് (6.2 കോടി ഡോളര്‍) ടെലികോം സീഷെല്‍സിന്റെ മുഴുവന്‍ ഓഹരിയും ഭാരതി സ്വന്തമാക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഏറ്റെടുക്കലിന് അനുമതി നല്‍കി.

ഭാരതി ഈയിടെ കുവൈത്തിലെ സെയിന്‍ ഗ്രൂപ്പിന്റെ ആഫ്രിക്കയിലെ ആസ്തികള്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ 15 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭാരതിക്ക് സാന്നിധ്യമുണ്ടായിരുന്നു. ടെലികോം സീഷെല്‍സ് കൂടി ഭാരതിയുടെ ഭാഗമാകുമ്പോള്‍ 16 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാന്നിധ്യമാകും. ലോകമൊട്ടാകെ 19 രാജ്യങ്ങളിലും.

അതിനിടെ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ വന്‍ ഇടിവുണ്ടായി. ഗ്രൂപ്പിന്റെ മൊത്തത്തിലെ അറ്റാദായം 2,474.50 കോടി രൂപയില്‍ നിന്ന് 1,681.60 കോടി രൂപയായാണ് താഴ്ന്നത്. അതേസമയം വരുമാനം 17.4 ശതമാനം ഉയര്‍ന്ന് 12,231 കോടി രൂപയായി.

ഇന്ത്യയില്‍ 3ജി, വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ലൈസന്‍സുകള്‍ ലഭിച്ച എയര്‍ടെല്‍ ഒരു സമ്പൂര്‍ണ ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായി മാറുമെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഇന്ത്യയില്‍ 21 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.

No comments:

Post a Comment