Wednesday, August 11, 2010

ത്രീജി സേവനങ്ങള്‍ക്ക് നിരോധനം


സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി മൂന്നാം തലമുറ (3ജി) മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ രാജ്യവ്യാപകമായി നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടെലികോം മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. ജമ്മുകാശ്മീരില്‍ നിലവിലെ സാഹചര്യത്തില്‍ ത്രീജി സേവനം ലഭ്യമാക്കരുതെന്നും നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

ബ്ലാക്‌ബെറി ഫോണുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കനേഡിയന്‍ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷനു(റിം)മായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിനിടയിലാണ് ത്രീജി സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നത്. മൂന്നാം തലമുറ ഫോണുകളിലൂടെ കൈമാറുന്ന വിവരങ്ങള്‍ നിരീക്ഷിക്കാന്‍ നിലവില്‍ സംവിധാനമില്ലാത്തതിനാലാണ് നിരോധനം. ഇത്തരം സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യാനുപയോഗിക്കുന്ന സെര്‍വറുകളിലേക്ക് സര്‍ക്കാരിന് പ്രവേശനം നിഷേധിക്കുന്നത് സുരക്ഷ വീഴച്ചക്ക് കാരണമായേക്കുമെന്ന ആശങ്ക നിലവിലുണ്ട്. ഇന്റര്‍നെറ്റ്, ഇമെയില്‍, വോയിസ് ചാറ്റ് അടക്കമുളള സേവനങ്ങള്‍ ത്രീ- ജി ഫോണുകളില്‍ ലഭ്യമാണ്. ഇതിനാല്‍, സുരക്ഷ സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങള്‍ ഇതിലൂടെ ചോരാനുളള സാധ്യത കൂടുതലാണ്.

ജമ്മു- കശ്മീര്‍ പോലുള്ള സുരക്ഷാ പ്രാധാന്യമുളള കേന്ദ്രങ്ങളില്‍ സേവനം ലഭ്യമാകുന്നത് സുരക്ഷാവീഴ്ചയ്ക്ക് കാരണമായേക്കുമെന്ന് ടെലികോം സെക്രട്ടറി പി.ജെ.തോമസിന് അയച്ച കത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇവ തടയാനാകാത്ത സാഹചര്യത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത് വരെ സേവനം നിര്‍ത്തിവെയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

രാജ്യത്തൊട്ടാകെ പതിനഞ്ച് ലക്ഷത്തോളം ത്രീ ജി കണക്ഷനുകള്‍ ബിഎസ്എന്‍എല്‍ നല്‍കിയിട്ടുണ്ട്. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിന് നാലു ലക്ഷം വരിക്കാരുണ്ട്. ത്രീജി സ്‌പെക്ട്രം ലേലത്തിലൂടെ 67,700 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നു.

No comments:

Post a Comment