Monday, August 2, 2010

കേരളത്തില്‍ ക്വാല്‍കോം ബ്രോഡ്ബാന്‍ഡ് അടുത്ത വര്‍ഷം


കേരള സര്‍ക്കിളില്‍ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാന്‍ ലൈസന്‍സ് ലഭിച്ച ക്വാല്‍കോം 2011ല്‍ സര്‍വീസ് തുടങ്ങും. ലോങ് ടേം ഇവല്യൂഷന്‍ (എല്‍ടിഇ) സാങ്കേതിക വിദ്യയിലായിരിക്കും ക്വാല്‍കോമിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം.

ഈ വര്‍ഷം അവസാനത്തോടെ കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ എല്‍ടിഇ സാങ്കേതിക വിദ്യ അവതരിപ്പിക്കും. തുടക്കത്തില്‍ ഉത്തരേന്ത്യയിലായിരിക്കും ഇത് അവതരിപ്പിക്കുക. തുടര്‍ന്ന് കേരളത്തിലും ഇത് പരീക്ഷിക്കും.

സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ പോലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഇത് അവതരിപ്പിക്കുക.

കേരളത്തിന് പുറമെ ഡല്‍ഹി, മുംബൈ, ഹരിയാന സര്‍ക്കിളുകളിലും ക്വാല്‍കോം ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കും.

അതിനിടെ മുംബൈയിലെ ഗ്ലോബല്‍ ഹോള്‍ഡിങ്‌സ്, ഡല്‍ഹിയിലെ ടുലിപ് ടെലികോം എന്നിവര്‍ ക്വാല്‍കോമിന്റെ വയര്‍ലെസ് ഇന്റര്‍നെറ്റ് ബിസിനസ്സില്‍ പങ്കാളികളായി. ഇരു കമ്പനികളും 13 ശതമാനം വീതം ഓഹരിയാണ് വാങ്ങിയത്. 140 കോടി രൂപ വീതം ഇരു കൂട്ടരും ഇതിനായി മുതല്‍മുടക്കും. ഒന്നോ രണ്ടോ കമ്പനികളെക്കൂടി പങ്കാളികളാക്കാന്‍ ക്വാല്‍കോമിന് പദ്ധതിയുണ്ട്. 3ജി ടെലികോം സേവനം ലഭ്യമാക്കാന്‍ ലൈസന്‍സ് ലഭിച്ച ഏതെങ്കിലും കമ്പനിയെക്കൂടി ചേര്‍ക്കാനും ഉദ്ദേശ്യമുണ്ട്.

ക്വാല്‍കോമിന് പുറമെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സംരംഭമായ ഇന്‍ഫോടെല്ലാണ് കേരളത്തില്‍ ബ്രോഡ്ബാന്‍ഡ് സേവനം തുടങ്ങാന്‍ ലൈസന്‍സ് ലഭിച്ച മറ്റൊരു കമ്പനി. ഇന്‍ഫോടെല്ലും അടുത്ത വര്‍ഷം തന്നെ സേവനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment