Thursday, September 2, 2010

ത്രീ-ജി സേവനങ്ങള്‍ ഉടന്‍


മൂന്നാം തലമുറ (ത്രീ-ജി) സ്‌പെക്ട്രത്തിനായുളള ലേലത്തില്‍ വിജയിച്ച കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതോടെ സേവനങ്ങള്‍ ഉടന്‍ ആരംഭിച്ചേയ്ക്കും. ത്രീ-ജി സ്‌പെക്ട്രം ലൈസന്‍സിനായുളള നിബന്ധനനകള്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. എന്നാല്‍, ഈയിടെ സ്‌പൈസ് മൊബൈല്‍ കമ്പനിയെ ഏറ്റെടുത്ത ഐഡിയ സെല്ലുലാര്‍ കമ്പനിയ്ക്ക് പഞ്ചാബ് സര്‍ക്കിളില്‍ സ്‌പെക്ട്രം അനുവദിച്ചിട്ടില്ല. ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതാണ് കാരണം. സ്‌പെക്ട്രം അനുവദിച്ചതോടെ ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നിവ ഉടന്‍ ത്രീ-ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കരുതുന്നു. ത്രീ-ജി സ്‌പെക്ട്രത്തിനായി മെയ് മാസത്തില്‍ നടന്ന ലേലത്തില്‍ നിന്ന് 67,000 കോടി രൂപയോളം സര്‍ക്കാരിന് ലഭിച്ചിരുന്നു. ഏഴ് മൊബൈല്‍ സേവന കമ്പനികള്‍ക്കാണ് സ്‌പെക്ട്രം അനുവദിച്ചത്. സ്‌പെക്ട്രം ലൈസന്‍സിനായുളള മാനദണ്ഡമനുസരിച്ച് 20 വര്‍ഷത്തേയ്ക്ക് കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കാം. ടെലികോം ലൈസന്‍സ് കാലാവധി കഴിഞ്ഞാലും സ്‌പെക്ട്രത്തിനായുളള കാലവധി തീരുന്നത് വരെ മൊബൈല്‍ സേവന കമ്പനികള്‍ക്ക് സേവനങ്ങള്‍ തുടരാനാവും. അഞ്ചു വര്‍ഷത്തിനുളളില്‍ രാജ്യത്തെ 90 ശതമാനം മെട്രൊ നഗരങ്ങളിലും സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌പെക്ട്രം അനുവദിച്ചതിന് ശേഷം സേവനങ്ങള്‍ ആരംഭിക്കുന്നതിനായി ഒരു വര്‍ഷം വരെ കാലവാധി അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പാദം ഒന്നിന് ബിഡ്ഡ് തുകയുടെ 2.5 ശതമാനമെന്ന കണക്കില്‍ പിഴ നല്‍കേണ്ടതായി വരും. സേവനം ലഭ്യമാക്കാന്‍ ഇതില്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്ന കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കാനാവില്ല. പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്‍ കമ്പനിയും നിലവില്‍ ത്രീ-ജി സേവനങ്ങള്‍ നല്‍കുന്നുണ്ട്. നിലവില്‍ ഡല്‍ഹി, മുംബൈ എന്നിവയടക്കം രാജ്യത്തെ 463 നഗരങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാണ്

No comments:

Post a Comment